Share this Article
News Malayalam 24x7
സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും
New Bill in Parliament: Ministers Jailed Over 30 Days to Lose Post

ഗുരുതരമായ ക്രിമിനൽ കേസുകളിൽ അറസ്റ്റിലായി ഒരു മാസത്തിൽ കൂടുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. അഴിമതിക്കെതിരായ ശക്തമായ നടപടിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുക.


അഞ്ചോ അതിലധികമോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിലായി 30 ദിവസത്തിലധികം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാർക്കാണ് സ്ഥാനം നഷ്ടമാകുക. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രപതിക്കോ ഗവർണർക്കോ ശുപാർശ നൽകണം. ശുപാർശ നൽകിയില്ലെങ്കിൽ, 31-ാം ദിവസം മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കിയതായി കണക്കാക്കും.


ബില്ലിനെതിരെ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 'ഇൻഡ്യ' സഖ്യം ബില്ലിനെതിരെ ശക്തമായി രംഗത്തുവരുമെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു എന്ന ആരോപണം നിലനിൽക്കെ, ഈ ബിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിക്കുന്നു.


ഭരണരംഗത്ത് സുതാര്യതയും ശുദ്ധീകരണവും ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ, ഇത് രാഷ്ട്രീയ പകപോക്കലിനുള്ള പുതിയ ആയുധമാകുമോ എന്ന ആശങ്ക ശക്തമാണ്. ബിൽ പാർലമെന്റിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടാനും സാധ്യതയുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories