തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം, എഫ് 35ൻ്റെ മടക്കയാത്രയിൽ അനിശ്ചിതത്വം തുടരുകയാണ്. ആദ്യമെത്തിയ സാങ്കേതിക വിദഗ്ധർക്ക് പ്രശ്നം പരിഹരിക്കാനായില്ല. ജൂൺ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.ഈ സാഹചര്യം ശരിക്കുമങ്ങ് മുതലെടുത്തിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്.കട്ടപ്പുറത്തായ യുദ്ധവിമാനത്തേയും വെച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ അസ്സലൊരു പരസ്യം.
വാഹനങ്ങളോടും വിമാനങ്ങളോടും ആകാശ യാത്രകളോടും ഒക്കെ എന്നും മലയാളിക്ക് താല്പര്യവും അഭിലാഷവും ഒക്കെ ഉണ്ട്. യുദ്ധവിമാനം ഒക്കെ ആകുമ്പോൾ അതങ്ങ് ഇരട്ടിക്കുകയും ചെയ്യും.അങ്ങനെയിരിക്കെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഒരു യുദ്ധ വിമാനം, അതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചത്, വന്ന് കുടുങ്ങിയത്.പഠിച്ച പണിയൊക്കെ നോക്കിയിട്ടും യുദ്ധമുഖത്തെ ബ്രിട്ടീഷ് വമ്പന് ഇതുവരെ ജീവന്‍വെച്ചിട്ടില്ല. ആക്ഷേപഹാസ്യ വാര്‍ത്താ വെബ്‌സൈറ്റായ ദ് ഫൗക്‌സിയാണ് ആദ്യം കേരള ടൂറിസത്തെയും ബ്രിട്ടീഷ് യുദ്ധവിമാനത്തെയും ചേര്‍ത്ത് പോസ്റ്റിട്ടത്. "കേരളം, ഒരിക്കല്‍ലാന്‍ഡ് ചെയ്താല്‍, നിങ്ങള്‍ക്ക് മടങ്ങിപോകാനാകില്ല, സംശയമുണ്ടെങ്കില്‍ ബ്രിട്ടീഷ് എ35 യോട് ചോദിച്ചുനോക്കൂ" എന്നാണ് ഫൗക്‌സിയുടെ പോസ്റ്റില്‍ പറയുന്നത്. ഇത് രാജ്യത്തിനപ്പുറത്തും ശ്രദ്ധയെത്തിച്ചു.
വിമാനത്തിന്റെ മടങ്ങിപ്പോക്ക് വൈകിയപ്പോൾ അത് വച്ച് തക്ക സമയത്ത് തന്നെ നാടിനെ കുറിച്ച് പ്രൊമോഷൻ നൽകാനും കേരള ടൂറിസം വകുപ്പിന് കഴിഞ്ഞു.കട്ടപ്പുറത്തായ യുദ്ധവിമാനത്തേയും വെച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ അസ്സലൊരു പരസ്യം.'കേരളം അതിമനോഹരമായ സ്ഥലമാണ്. എനിക്കിവിടം വിട്ടുപോകാന്‍ തോന്നുന്നില്ല' തിരുവനന്തപുരത്ത് തങ്ങിയ അനുഭവപരിചയംവെച്ച് ബ്രിട്ടീഷ് യുദ്ധവിമാനം ഒരു ഗൂഗിള്‍ റിവ്യൂ നല്‍കുന്നത് പോലെയാണ് രസകരമായ പരസ്യം. കേരളത്തിലെ ടൂറിസത്തിന് 5 സ്റ്റാര്‍ റേറ്റിങ് ഇടാനും എഫ് 35 മറന്നിട്ടില്ല. പരസ്യം വലിയ ഹിറ്റായതോടെ, കേരള ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി കൊള്ളാമെന്നാണ് പലരുടേയും അഭിപ്രായം. കുമ്പളങ്ങി നൈറ്റ്‌സിലെ 'മുതലെടുക്കുവാണല്ലേ സജി' എന്ന കമന്റുകളും പോസ്റ്റിന് താഴെ കാണാം. അവിടേയും തീര്‍ന്നില്ല. ചിരിപടര്‍ത്തുന്ന ഒരു ഡസനിലേറെ കമന്റുകള്‍ വേറേയുമുണ്ട്. ബ്രിട്ടീഷ് യുദ്ധവിമാനത്തെ OLX ല്‍ വരെ വില്‍ക്കാനിട്ടിരിക്കുന്ന മലയാളികള്‍ ട്രോളുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പറക്കുകയാണ്.
കേരള ടൂറിസം ഇട്ട പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം