മീററ്റ്: കണ്ണിന് സമീപത്ത് പരുക്കുമായി ചെന്ന രണ്ടര വയസുകാരന്റെ മുറിവിൽ ഫെവിക്വിക്ക് പുരട്ടിയ വിചിത്ര സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്.യുപിയിലെ മീററ്റ് സ്വദേശിയായ സർദാർ ജസ്വീന്ദർ സിംഗ്, മുഖം മേശയിൽ ഇടിച്ച് പരുക്കേറ്റ തന്‍റെ കുഞ്ഞിനെ അടുത്തുള്ള ഭാഗ്യശ്രീ ആശുപത്രിയിൽ എത്തിച്ചിടത്ത് നിന്നാണ് സംഭവത്തിന്‍റെ തുടക്കം.
മുറിവ് തുന്നുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് പകരം ‘അഞ്ചിന്റെ ഫെവിക്വിക്ക്’ വാങ്ങി വരാനായിരുന്നു ഡോക്ടറിന്റെ നിർദേശം. തുടർന്ന് തൊട്ടാൽ സമയം പാഴാക്കാതെ ഒട്ടിപ്പിടിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ പശ കൊണ്ട് ഡോക്ടർ കുഞ്ഞിന്റെ മുഖത്തെ മുറിവ് അടക്കുകയും ചെയ്തു.കുട്ടിയുടെ വേദന കുറയുന്നില്ലെന്ന് പരാതിപ്പെട്ടപ്പോൾ, കുഞ്ഞ് അപകടം പറ്റിയതിന്റെ പരിഭ്രാന്തിയിലാണെന്നും ഉടൻ വേദന കുറയുമെന്നുമായിരുന്നു ഡോക്ടറിന്റെ വാദം.
ടെറ്റനസ് കുത്തിവയ്പ്പ് ആവശ്യമുണ്ടോ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞതായും കുഞ്ഞിന്‍റെ അമ്മ ഇർവിൻ കൗർ പറഞ്ഞു. വിചിത്ര ചികിത്സയിലും മറ്റ് വഴികളില്ലാതെ ഡോക്ടറെ വിശ്വസിച്ച് കുടുംബം തിരികെ പോയി.പിറ്റേന്ന് രാവിലെയും വേദന കുറയാതായതോടെ കുടുംബം കുഞ്ഞിനെ ലോക്പ്രിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂറെടുത്താണ് ഇവിടത്തെ ഡോക്റ്റർമാർ മുറിവിൽ നിന്ന് പശ നീക്കം ചെയ്തത്. കുഞ്ഞിന്‍റെ കണ്ണിൽ പശ കയറിയിരുന്നെങ്കിൽ സ്ഥിതി ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ.