നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപനം വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി അതിജീവിത സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തെത്തി. എട്ട് വർഷവും ഒൻപത് മാസവും 23 ദിവസവും നീണ്ട ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക താൻ കാണുന്നുവെന്ന് അതിജീവിത കുറിച്ചു. പ്രതികളിലെ ആറ് പേരെ ശിക്ഷിച്ചതിൽ സന്തോഷമുണ്ട്. "എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു, നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു," എന്നും അവർ കൂട്ടിച്ചേർത്തു.
വിധി തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കിയ അതിജീവിത, വിചാരണ കോടതിയിലെ നീതിയിൽ തനിക്ക് വിശ്വാസമില്ലെന്നും തുറന്നടിച്ചു. ഒന്നാം പ്രതി പൾസർ സുനി തന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട് അത് ശുദ്ധമായ നുണയാണെന്ന് അവർ വ്യക്തമാക്കി. "അയാൾ എന്റെ ഡ്രൈവറോ, ജീവനക്കാരനോ, എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല. 2016-ൽ ഞാൻ വർക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ. അതുകൊണ്ട് ദയവായി നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തണമെന്ന് ഞാൻ കരുതുന്നു," അതിജീവിത പറഞ്ഞു.
നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് ഈ യാത്ര തനിക്ക് നൽകിയതായി അതിജീവിത പറയുന്നു. ഈ കേസിൽ തന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും, കേസിലെ പ്രധാന തെളിവായിരുന്ന മെമ്മറി കാർഡ് കോടതി കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തിയതായും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടി രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ച കാര്യവും അവർ ഓർമ്മിപ്പിച്ചു. ഈ കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും, നടപടികൾ പൊതുജനങ്ങളെയും മാധ്യമങ്ങളെയും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്നും താൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആ അപേക്ഷകളെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു എന്നും അവർ പറഞ്ഞു.
ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് താനിപ്പോഴും. ഈ യാത്രയിലുടനീളം കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും നന്ദിയോടെ ചേർത്ത് പിടിക്കുന്നു എന്നും അതിജീവിത കുറിച്ചു. "So many people have inspired me to be nothing like them!! Thank you thank you for all the lessons," എന്ന ഇംഗ്ലീഷ് വാചകത്തോടെയാണ് അതിജീവിതയുടെ കുറിപ്പ് അവസാനിക്കുന്നത്.