വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ, നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി അണികളുടെ പ്രതിഷേധം. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
"പിണറായി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്റെ പടനായകൻ എത്തുന്നു", "കണ്ണൂരിന്റെ ഹൃദയമാണ് കെഎസ്" തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സ് ബോർഡുകളിൽ ഉള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തരായ നേതാക്കൾ തന്നെ നിയമസഭയിലേക്ക് എത്തണമെന്ന നിലപാടിലാണ് ഒരു വിഭാഗം പ്രവർത്തകർ.
ഹൈക്കമാൻഡ് തീരുമാനം നിലനിൽക്കുന്നുണ്ടെങ്കിലും കെ. സുധാകരന് പുറമെ എം.കെ. രാഘവൻ, അടൂർ പ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കളും നിയമസഭയിലേക്ക് മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന ഭരണത്തിൽ മാറ്റം കൊണ്ടുവരാൻ ജനസ്വാധീനമുള്ള നേതാക്കൾ അങ്കത്തട്ടിലിറങ്ങണമെന്ന വികാരമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിനുള്ളത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ ഹൈക്കമാൻഡ് ഈ സമ്മർദ്ദത്തിന് വഴങ്ങുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാണ്. പി.ജെ. ജോസഫ് മത്സരിക്കാത്ത സാഹചര്യമുണ്ടായാൽ മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.