ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപക നാശനഷ്ടം. കുളുവിലെ ലാഗ് താഴ്‌വരയിലെ ലഘാട്ടി ഗ്രാമത്തിലാണ് സംഭവം. പ്രളയത്തിൽ നിരവധി വീടുകളും കടകളും ഒലിച്ചുപോയി. കൃഷിയിടങ്ങളിൽ വലിയ നാശനഷ്ടമുണ്ടായി. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ പ്രദേശത്തെ നിരവധി വീടുകളും കടകളും പൂർണമായും തകർന്നു. റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ 15-ഓളം മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ അറിയിച്ചു. പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മേഘവിസ്ഫോടനത്തെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദീതീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകി. വൈദ്യുതി ലൈനുകൾ തകർന്നതോടെ പല പ്രദേശങ്ങളും ഇരുട്ടിലാണ്. തുടർച്ചയായുണ്ടാകുന്ന മേഘവിസ്ഫോടനങ്ങളും പ്രളയവും ഹിമാചലിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. അധികൃതർ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.