കന്നഡ സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. 2023ല്‍ വിവാഹിതരായ ചൈത്രയും ഹർഷവർദ്ധനും കഴിഞ്ഞ എട്ടുമാസമായി അകന്നാണ് കഴിയുന്നത്. താരത്തെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
ഭര്‍ത്താവുമായി പിണങ്ങി വാടക വീട്ടില്‍ താമസിക്കുന്നതിനൊപ്പം, ചൈത്ര അഭിനയം തുടര്‍ന്നിരുന്നു. ഒരു വയസുള്ള മകള്‍ ചൈത്രയൈക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. സീരിയല്‍ ഷൂട്ടിങ്ങിനായി 2025 ഡിസംബര്‍ ഏഴാം തീയതി മൈസൂരുവിലേക്ക് പോവുകയാണെന്ന് ചൈത്ര സഹോദരിയോടും വീട്ടുകാരോടും പറഞ്ഞിരുന്നു. ഷൂട്ടിന്‍റെ പേരിൽ ചൈത്രയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ഭര്‍ത്താവാണെന്നാണ് കുടുംബത്തിന്‍റെ പരാതി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഹർഷവർദ്ധൻ കൗശിക്ക് എന്നയാള്‍ക്ക് 20,000 രൂപ അഡ്വാൻസ് നല്‍കിയാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. കൗശിക്കാണ് മൈസൂരു റോഡിലെ മെട്രോ സ്റ്റേഷനിലേക്ക് ചൈത്രയെ വിളിച്ചു വരുത്തിയത്. താരം സ്ഥലത്ത് എത്തിയതോടെ ബലപ്രയോഗത്തിലൂടെ കാറിൽ കയറ്റി കൊണ്ടുപോയി. കിഡ്നാപ്പിങ്ങിന് ശേഷം ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ ഫോണിൽ ബന്ധപ്പെട്ടു. കുട്ടിയെ പറയുന്ന സ്ഥലത്തെത്തിച്ചാൽ ചൈത്രയെ കൊണ്ടുവരാമെന്നും, അവളെ കാണാതായതിന് പിന്നില്‍ താനാണെന്നും അറിയിച്ചു എന്നിങ്ങനെയാണ് കുടുംബത്തിന്റെ പരാതിയെന്നാണ് റിപ്പോർട്ട്.