മുൻ നിലമ്പൂർ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി. അൻവറിന്റെ മലപ്പുറം ഒതായിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള ഇ.ഡി. സംഘം അൻവറിന്റെ വീട്ടിലെത്തിയത്.
കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 2015-ൽ 12 കോടി രൂപ വായ്പയെടുത്ത് തിരികെ അടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് നിലവിലെ പരിശോധന. പലിശയടക്കം 22 കോടി രൂപയാണ് പി.വി. അൻവർ തിരിച്ചടയ്ക്കാനുള്ളത്. ഇത് കേരള ഫിനാൻസ് കോർപ്പറേഷന് വലിയ നഷ്ടം വരുത്തിവെച്ചതായാണ് ആരോപണം.
നേരത്തെ, ഇതേ പരാതിയിൽ വിജിലൻസ് പി.വി. അൻവറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ആ കേസിന്റെ വിശദാംശങ്ങളും രേഖകളും ഇ.ഡി. ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ പരിശോധന. അൻവറിന്റെ ഡ്രൈവർ സിയാദ്, ഇരവണ്ണയിലുള്ള രണ്ട് സുഹൃത്തുക്കൾ എന്നിവരുടെ വീടുകളിലും ഇ.ഡി. സംഘം ഒരേസമയം റെയ്ഡ് നടത്തുന്നുണ്ട്. അൻവറിന്റെ വീടിന് ചുറ്റും കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.