രാജ്യതലസ്ഥാനത്തെ നടുക്കാൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടുപേർ പിടിയിലായി. ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്ക്, പ്രമുഖ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ബോംബ് സ്ഫോടനം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി.
അറസ്റ്റിലായവരിൽ ആറുപേർ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ളവരും രണ്ടുപേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരുമാണ്. ബംഗ്ലാദേശ് സ്വദേശികളായ ഇവർ തിരുപ്പൂരിലെ വസ്ത്രനിർമ്മാണ ഫാക്ടറികളിലെ ജീവനക്കാരായി വേഷം മാറിയാണ് കഴിഞ്ഞിരുന്നത്. പിടിയിലായവരിൽ ഒരാൾ ബംഗ്ലാദേശ് പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചാണ് ഇന്ത്യയിൽ തങ്ങിയിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
പ്രതികളിൽ നിന്ന് എട്ടു മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലഷ്കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ആക്രമണ പദ്ധതിയിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹി പൊലീസിന് കൈമാറും. ഡൽഹിയിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.