Share this Article
News Malayalam 24x7
വോട്ടര്‍ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കണം;അവകാശവാദങ്ങൾക്കൊപ്പം ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് വ്യക്തമാക്കണം- കമ്മിഷനോട് സുപ്രീംകോടതി
വെബ് ടീം
3 hours 27 Minutes Ago
1 min read
SC

ന്യൂഡല്‍ഹി: ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങൾ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്ഐആറിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്‌.വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറല്‍ ഓഫീസറുടെയും വെബ്‌സൈറ്റില്‍ (ജില്ലാ അടിസ്ഥാനത്തില്‍) പ്രസിദ്ധീകരിക്കണം.

ഈ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാല്‍ വോട്ടറുടെ EPIC നമ്പര്‍ ഉപയോഗിച്ച് ഇത് പരിശോധിക്കാനും സാധിക്കണം.മരണം, താമസം മാറല്‍, ഇരട്ട രജിസ്ട്രേഷന്‍ തുടങ്ങിയ, പേര് ഒഴിവാക്കാനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍, ഒഴിവാക്കപ്പെട്ടവര്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളില്‍ വ്യക്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.'ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചാരണം നല്‍കുന്നതിന്, ബിഹാറില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ പരസ്യം നല്‍കേണ്ടതാണ്.

കൂടാതെ, ദൂരദര്‍ശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യേണ്ടതാണ്.ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, അവര്‍ അതിലും പൊതു അറിയിപ്പ് പ്രദര്‍ശിപ്പിക്കേണ്ടതാണ്.പൊതു അറിയിപ്പില്‍, പരാതിയുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പിനൊപ്പം തങ്ങളുടെ അവകാശവാദങ്ങള്‍ സമര്‍പ്പിക്കാമെന്ന് വ്യക്തമായി പരാമര്‍ശിക്കേണ്ടതാണ്. കൂടാതെ, കാരണങ്ങള്‍ സഹിതം ഈ പട്ടികകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി, ഏകദേശം 65 ലക്ഷം വോട്ടര്‍മാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകള്‍ ഓരോ ബൂത്ത് ലെവല്‍ ഓഫീസറും പഞ്ചായത്ത് ഓഫീസുകളിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്' സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories