തിരുവനന്തപുരം: കാര്യവട്ടം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് ജയം. 46റൺസിന് ആണ്അഞ്ചാം ടി20യിൽ ഇന്ത്യയുടെ ജയം. 225റൺസിന് കീവിസ് പുറത്തായി.
സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ വന്ന ഗ്രീൻഫീൽഡിൽ ഇഷാൻ കിഷനും സൂര്യകുമാർ യാദവും അഭിഷേക് ശർമയും ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചപ്പോൾ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 271 റൺസെന്ന കൂറ്റൻ സ്‌കോർ അടിച്ചെടുത്തിരുന്നു. 43 പന്തിൽ നിന്ന് 10 സിക്‌സും ആറ് ഫോറുമടക്കം 103 റൺസെടുത്ത ഇഷാൻ തന്റെ മികവ് ആരാധകർക്ക് കാട്ടിക്കൊടുത്തു.
ശനിയാഴ്ച പരമ്പരയിൽ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജുവിന് ആറു പന്തിൽ നിന്ന് ആറു റൺസ് മാത്രമാണ് നേടാനായിരുന്നത്. പരമ്പരയിൽ ഇതോടെ താരം സമ്പൂർണ പരാജയമായി. അഞ്ചു മത്സരങ്ങളിൽ നിന്നായി 9.20 എന്ന മോശം ശരാശരിയിൽ വെറും 46 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.കാര്യവട്ടത്ത് സെഞ്ചുറിയുമായി ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ച ഇഷാൻ കിഷനാണ് സഞ്ജുവിന് പകരം വിക്കറ്റ് കീപ്പിങ് ഗ്ലൗ അണിഞ്ഞത്. ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകൾ നൽകുന്നതാണ്.
തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.