തിരുവനന്തപുരം: ആരാധകർ പ്രത്യേകിച്ച് സഞ്ജുവിന്റെ ആരാധകർ കാര്യമായി കാത്തിരിക്കുന്ന കാര്യവട്ടം ടി20 യിൽ ടോസ് ജയിച്ച് ഇന്ത്യ. കീവിസിനെതിരെ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങൾ. സഞ്ജു സാംസൺ ടീമിലുണ്ട്. ഇഷാൻ കിഷനും ടീമിലുണ്ട്.
മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും ടീമിലുണ്ട്. കഴിഞ്ഞ നാലു കളികളിൽനിന്ന് 40 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്. ട്വന്റി20 ലോകകപ്പിനു മുൻപ് ഫോമിലേക്കു തിരിച്ചെത്താൻ സഞ്ജുവിനുള്ള അവസാന അവസരമാണിത്. ന്യൂസീലൻഡ് ടീമില്‍ നാലു മാറ്റങ്ങളുണ്ട്.
5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്കു പക്ഷേ, വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലെ 50 റൺസ് തോൽവി ആഘാതമായിരുന്നു. ട്വന്റി20 ലോകകപ്പിന് മുൻപുള്ള അവസാന അങ്കം ജയിക്കാൻ 2 ടീമുകളും കച്ചകെട്ടുമ്പോൾ ഇന്നു ഗ്രൗണ്ടിൽ പൊടിപാറുമെന്ന് തീർച്ച.