തിരുവനന്തപുരം:കീവിസിനെതിരെയുള്ള കളി തുടങ്ങും മുൻപ് ''ട്രിവാൻഡ്രം പേടിക്കേണ്ട, സഞ്ജു ഉറപ്പായും കളിക്കുന്നുണ്ട്'' എന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾക്ക് കാര്യവട്ടത്ത് പക്ഷെ കാര്യമായ പ്രയോജനമുണ്ടായില്ല. സഞ്ജു സാംസണ് സൂപ്പർ പ്രകടനം നടത്താനായില്ല. കാര്യവട്ടം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റു നഷ്ടം. മലയാളി താരം സഞ്ജു സാംസണാണു പുറത്തായത്. ആറു പന്തുകൾ നേരിട്ട സഞ്ജു ആറു റൺസ് മാത്രമെടുത്തു മടങ്ങുകയായിരുന്നു.
മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ലോക്കി ഫെർഗൂസനെ കവറിനു മുകളിലൂടെ സിക്സർ പറത്താൻ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവൻ ജേക്കബ്സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. ന്യൂസീലൻഡ് പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ സഞ്ജു 46 റൺസാണ് ആകെ നേടിയത്.