ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ 10 വിക്കറ്റിന്റെ ഉജ്ജ്വല വിജയവുമായി കേരളം. സഞ്ജു സാംസന്റെ നേതൃത്വത്തിലിറങ്ങിയ കേരളം, ഒഡിഷ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറിലാണ് മറികടന്നത്.
രോഹന്‍ കുന്നുമ്മലിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് കേരള ഇന്നിങ്‌സിന്റെ പ്രത്യേകത. 60 പന്തുകള്‍ നേരിട്ട രോഹന്‍ 10 ഫോറും 10 സിക്‌സും പറത്തി 121 റണ്‍സോടെ പുറത്താകാതെ നിന്നു. രോഹനാണ് കളിയിലെ താരം. ക്യാപ്റ്റന്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടി. 41 പന്തുകള്‍ നേരിട്ട സഞ്ജു 51 റണ്‍സെടുത്തു. ഒരു സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.
20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഒഡിഷ 176 റണ്‍സെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി നിധീഷ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് എന്നിവരാണ് ഒഡിഷയെ തകര്‍ത്തത്. അര്‍ധസെഞ്ചറി നേടിയ ക്യാപ്റ്റന്‍ ബിപ്ലബ് സാമന്ദ്രായ് (53) ആണ് ഒഡിഷയുടെ ടോപ് സ്‌കോറര്‍. സാംബിത് എസ്. ബരാല്‍ (40), ഗൗരവ് ചൗധരി (29) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.