നവിമുംബൈയിലെ രണ്ടാം സെമിയില്‍ കരുത്തരായ ഓസീസ് വനിതകളെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് കലാശപ്പോരിന്! ജെമീമ റോഡ്രിഗസ് എന്ന മുംബൈക്കാരി ബാറ്റിലൂടെ നൽകിയ തകർപ്പൻ മറുപടിയാണ് ഇന്ത്യക്ക് ഫൈനലിലേക്ക് ജയം സാധ്യമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാന്‍ ഓസീസിന് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല. 49.5 ഓവറില്‍ 338 റണ്‍സാണ് സന്ദര്‍ശകര്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ പക്ഷേ, ഇന്ത്യ അതിലും ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 341-5 (48.3 ഓവര്‍). അഞ്ചുവിക്കറ്റിന്റെ ജയം.
ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറിക്കരുത്താണ് ഇന്ത്യക്ക് തുണയായത്. തകര്‍പ്പനടികളോടെ ജെമീമ ഇന്ത്യയെ മുന്നോട്ടുനയിച്ചപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മികച്ചകൂട്ടായി നിന്നു. 134 പന്തുകളില്‍ 127 റണ്‍സ് നേടിയ ജെമീമ, ക്രീസില്‍ തുടര്‍ന്ന് ടീമിന്റെ വിജയംകൂടി ഉറപ്പാക്കുകയായിരുന്നു. അമൻജോത് കൌർ (15) ആയിരുന്നു വിജയ റണ്‍ കുറിക്കുമ്പോള്‍ ജെമീമയ്‌ക്കൊപ്പം ക്രീസില്‍. ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍നിന്ന് 89 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 167 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ല്. സ്മൃതി മന്ദാന (24), ദീപ്തി ശര്‍മ (24), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (23), ഷെഫാലി വര്‍മ (10) എന്നിവരും ജയത്തില്‍ നിര്‍ണായക ഭാഗഭാക്കായി.
ഫീബി ലിച്ച്ഫീല്‍ഡിന്റെ തകര്‍പ്പന്‍ സെഞ്ചുയുടെയും എല്ലിസ് പെറി, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെയും ബലത്തില്‍ നേരത്തേ ഓസീസിന് 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.