അണ്ടർ 19 ലോകകപ്പിലെ ആറാം തമ്പുരാന്മാരിൽ ഒരു മലയാളിയുമുണ്ട്. ഇന്ത്യ ആറാം കിരീടമുയർത്തുമ്പോൾ കപ്പ് ചുണ്ടോട് ചേർക്കാൻ ആരോൺ ഉണ്ട്. 1983-ൽ സുനിൽ വൽസനും 2011-ൽ ശ്രീശാന്തും 2024-ലെ ടി20 ലോകകപ്പിൽ സഞ്ജു സാംസണുമെല്ലാം ആ ഭാഗ്യമുണ്ടായിരുന്നു. ഒരു മലയാളി ഫൈനലിൽ കളിക്കാനുണ്ടെങ്കിൽ കപ്പ് ഉറപ്പാണെന്ന് പറയുന്നവരും ഉണ്ട്. അഫ്‌ഗാനിസ്ഥാനു എതിരെ സെമിഫൈനലിൽ അസാധ്യമെന്ന് തോന്നിച്ച ആ റൺ ചെയ്‌സിൽ പതറാതെ അടിയുറച്ചു നിന്ന് സെഞ്ചുറി നേടിയ ആരോൺ. മാവേലിക്കര സ്വദേശിയായ ഈശോ വർഗീസിന്റെയും കോട്ടയം സ്വദേശിനിയായ പ്രീതി വർഗീസിന്റെയും മകൻ ആരോൺ ജോർജ് വർഗീസ്.
ആരോൺ ജനിച്ചത് കേരളത്തിലാണെങ്കിലും വളർന്നതെല്ലാം ഹൈദരാബാദിലായിരുന്നു. ഹൈദരാബാദ് പോലീസിൽ സബ് ഇൻസ്‌പെക്ടറായിരുന്ന ഈശോയ്ക്കും ക്രിക്കറ്റ് ജോലിയ്‌ക്കൊപ്പം തന്നെ പ്രയങ്കരമായിരുന്നു.പക്ഷെ ക്രിക്കറ്റ് ഗ്രൗണ്ടിനപ്പുറം പരിശീലന കളരികളിലേയ്ക്കും പ്രൊഫഷണൽ പാത ഒരുക്കാനും പറഞ്ഞു കൊടുക്കാനും ആരും ഉണ്ടായിരുന്നില്ല. മകനിലൂടെ ആ ആഗ്രഹം ഈശോ സാധിക്കുകയായിരുന്നു. മകന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങൾക്കു വേണ്ടി പോലീസ് ജോലി ഉപേക്ഷിച്ച് കോർപ്പറേറ്റ് ജോലിയിലേക്ക് കൂടുമാറിയ ആളാണ് ഈശോ. ആ മാറ്റം വെറുതെയായതുമില്ല.
വിജയ് മർച്ചന്റ് ട്രോഫിയിൽ ബിഹാറിനെതിരേ ഹൈദരാബാദിനായി ട്രിപ്പിൾ സെഞ്ചുറി നേടിയതോടെ ആരോൺ ഇന്ത്യൻ ക്രിക്കറ്റ് സർക്യൂട്ടിൽ ശ്രദ്ധനേടി. ഇതോടെ തൊട്ടടുത്ത വർഷം ആരോൺ ഇന്ത്യൻ അണ്ടർ 19 ടീമിലെത്തി. 2024-ൽ വിനൂ മങ്കാദ് ട്രോഫിയിൽ ഹൈദരാബാദ് കിരീടമുയർത്തിയപ്പോൾ ക്യാപ്റ്റൻ സ്ഥാനത്തും ആരോണായിരുന്നു.അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായിരുന്നു ആരോൺ.
മധ്യ ഓവറുകളിൽ നങ്കൂരമിട്ട് കളിക്കാൻ ഇന്ത്യയ്ക്ക് ലഭിച്ച ബാറ്റർ. വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും തകർത്തടിക്കുമ്പോൾ മധ്യ ഓവറുകളിൽ സ്‌കോർ ഉയർത്താൻ ആരോൺ ഉണ്ടായിരുന്നു.അണ്ടർ 19 ലോകകപ്പിൽ ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷമാണ് ആരോണിന് അവസരം ലഭിക്കുന്നത്. വൈഭവിനൊപ്പം ഓപ്പണറായാണ് താരത്തെ ടീം പരീക്ഷിച്ചത്. തുടക്കത്തിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അഫ്ഗാനിസ്താനെതിരായ സെമിയിൽ ഇന്ത്യ ചരിത്ര വിജയം നേടിയപ്പോൾ സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ചത് ആരോണായിരുന്നു. 104 പന്തിൽ 115 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അണ്ടർ 19 ലോകകപ്പ് നോക്കൗട്ടിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന നേട്ടവും ആരോൺ സ്വന്തമാക്കിയിരുന്നു. ആരോണിന്റെ മികവിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 311 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസായിരുന്നു ഇത്.ഫൈനൽ വൈഭവിന്റെത് ആയിരുന്നെങ്കിൽ സെമിഫൈനൽ ആരോണിന്റെതായിരുന്നു.