ദുബായ്: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി റിസ്വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ചൊവ്വാഴ്ച സമൂഹ മാധ്യമത്തിലൂടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. യു.എ.ഇ ദേശീയ ടീമിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു. 2020 ജനുവരി എട്ടിന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്വാന്റെ ആദ്യ സ്വെഞ്ചറി.109 പന്തിൽ നിന്ന് 136 റൺസ് നേടിയ റിസ്വാന്റെ പ്രകടനം അന്ന് ലോക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
കേരള ക്രിക്കറ്റിന്‍റെ ഈറ്റില്ലമായി അറിയപ്പെടുന്ന തലശ്ശേരിയിൽ നിന്നാണ് സി.പി റിസ്വാൻ യു.എ.ഇ ദേശീയ ടീമിൽ ഇടം നേടുന്നത്. 2019ൽ നേപ്പാളിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ആ വർഷം നടന്ന ട്വന്‍റി20യിലും വരവറിയിച്ചു. 29 ഏകദിനങ്ങളിലായി 736 റൺസ് സ്വന്തമാക്കി. ഏഴ് ട്വന്‍റി20യിൽ 100 റൺസാണ് സമ്പാദ്യം.
തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീൻ റഊഫിന്‍റെയും മകനാണ്. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവർ സഹോദരിമാരാണ്. കുടുംബ സമേതം യു.എ.ഇയിൽ ആണ് താമസം. നിലവിൽ എമിറേറ്റ്സ് എയർലൈനിൽ ഉദ്യോഗസ്ഥനായ റിസ്വാൻ ദേശീയ ടീമിലേക്കുള്ള തിരിച്ചവരവിനായുള്ള കഠിന പരിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.