ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു.
വിജയത്തിനു ശേഷം പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെയാണ് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും മടങ്ങിയത്.37 പന്തില്‍ നിന്ന് 5 ബൗണ്ടറിയടക്കം 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ജയത്തോടെ ഇന്ത്യഏഷ്യാ കപ്പ്സുപ്പർ ഫോറിൽ കടന്നു.
ഇന്ത്യ രണ്ടാം ഓവറില്‍ സ്‌കോര്‍ 22-ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ഗില്ലിനെ സയിം അയൂബിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാരിസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. അടി തുടര്‍ന്ന അഭിഷേക് 13 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്തായി. രണ്ട് സിക്‌സും നാല് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഓപ്പണര്‍മാര്‍ പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം ശ്രദ്ധയോടെ ബാറ്റുവീശി 56 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത തിലക് വര്‍മയെ പുറത്താക്കി സയിം അയൂബാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ശിവം ദുബെയെ (10*) കൂട്ടുപിടിച്ച് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ വെറും 127 റണ്‍സില്‍ ഒതുങ്ങി. മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ്, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് പാകിസ്താനെ 127-ല്‍ ഒതുക്കിയത്. 40 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് അവരുടെ ടോപ് സ്‌കോറര്‍. ഷഹീന്‍ അഫ്രീദി 16 പന്തില്‍ നാല് സിക്‌സുകള്‍ സഹിതം 33* റണ്‍സ് നേടി പുറത്താവാതെ നിന്നു.