തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം നാലാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 184റൺസിന് എല്ലാവരും പുറത്തായി. അതോടെ ഇന്നിംഗ്സിനും 164 റണ്‍സിനും തോറ്റു.
കര്‍ണാടകക്കായി മൊഹ്സിന്‍ ഖാന്റെ ബോളിങ് ആണ് കേരളത്തെ തകർത്തത്. മൊഹ്സിന്‍ ആറു വിക്കറ്റാണ് പിഴുതത്. വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി.
പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഓപ്പണര്‍ കൃഷ്ണപ്രസാദാണ് 33 റണ്‍സെടുത്തപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 23ഉം ബാബാ അപരാജിത് 19ഉം സച്ചിന്‍ ബേബി 12 ഉം റണ്‍സെടുത്ത് പുറത്തായി.ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീന് 15 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കര്‍ണാടകക്കായി മൊഹ്സിന്‍ ഖാൻ 6 വിക്കറ്റെടുത്തപ്പോൾ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക 11 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് പോയന്‍റുള്ള കേരളം ഏഴാം സ്ഥാനത്താണ്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണാടകക്കായി ഇരട്ട സെഞ്ചുറി നേടിയ കരുണ്‍ നായരാണ് കളിയിലെ താരം. സ്കോര്‍ കര്‍ണാടക 586-5, കേരളം 238, 184.
ഇന്നിംഗ്സ് ജയം നേടിയ കര്‍ണാടകക്ക് ബോണസ് പോയന്‍റ് അടക്കം 7 പോയന്‍റ് ലഭിച്ചപ്പോള്‍ കേരളത്തിന് പോയന്‍റൊന്നുമില്ല. ഇതേ ഗ്രൗണ്ടില്‍ ശനിയാഴ്ച മുതല്‍ സൗരാഷ്ട്രക്കെതിരെ ആണ് കേരളത്തിന്‍റെ അടുത്ത മത്സരം.