Share this Article
News Malayalam 24x7
ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിൽ, ഇന്ത്യയിലെ 4 നഗരങ്ങൾ സന്ദര്‍ശിക്കും; പ്രധാനമന്ത്രിയെ കാണും; ക്രിസ്റ്റ്യാനോയും വരും ഇന്ത്യയിലേക്ക്
വെബ് ടീം
4 hours 35 Minutes Ago
1 min read
messi

കൊല്‍ക്കത്ത: ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13ന് അഹമ്മദാബാദ്, 14ന് മുംബൈ, 15ന് ദില്ലി നഗരങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കും. ദില്ലിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സതാദ്രു ദത്ത പറഞ്ഞു.ഗോട്ട് ടൂർ ഓഫ് ഇന്ത്യ എന്ന പേരിലായിരിക്കും മെസിയുടെ ഇന്ത്യ സന്ദര്‍ശനം അറിയപ്പെടുകയെന്നും സതാദ്രു ദത്ത പറഞ്ഞു. ഇതിഹാസ താരങ്ങളായ പെലെ, മറഡോണ, റൊണാള്‍ഡീഞ്ഞോ, അര്‍ജന്‍റീന ടീമിലെ മെസിയുടെ സഹതാരവും ഗോള്‍ കീപ്പറുമായ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെ മുമ്പ് കൊല്‍ക്കത്തയില്‍ സതാദ്രു ദത്ത ആണ്.

2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അര്‍ജന്‍റീന നായകന്‍ ഡിസംബറില്‍ ഇന്ത്യയിലെത്തുന്നത്. മെസി ഉള്‍പ്പെട്ട അര്‍ജന്‍റീന ടീം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്നും സൗഹൃദ മത്സരം കളിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സന്ദര്‍ശനത്തില്‍ നിന്ന് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പിന്‍മാറി.

അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കെത്തിയേക്കുമെന്ന് സൂചന. എഎഫ്സി ചാമ്പ്യൻസ് ലീ​ഗിൽ കളിക്കാനാകും പോർച്ചു​ഗീസ് സൂപ്പർ താരം ഇന്ത്യയിലേക്കെത്തുക. വെള്ളിയാഴ്ച ക്വാലാലംപുരിൽ എഎഫ്സി ചാമ്പ്യൻസ് ലീ​ഗ് ഫുട്ബോളിന്റെ ​ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ലബ്ബായ സൗദിയിലെ അൽ നസ്റും എഫ്സി ​ഗോവയും ഒരേ ​ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണ് താരം ഇന്ത്യയിലേക്കെത്താനുള്ള സാധ്യത തെളിഞ്ഞത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories