Share this Article
image
സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഇന്ന് ഖത്തറിനെ നേരിടും

സുനില്‍ ഛേത്രിയില്ലാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് ഖത്തറിനെതിരെ ഇറങ്ങുന്നു. ലോകകപ്പ് യോഗ്യതാ രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിലാണ് ഇന്ത്യ ഖത്തറിനെ നേരിടുന്നത്. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം.

ഇന്ത്യയുടെ നായകനും മുന്നേറ്റതാരവുമായിരുന്ന സുനില്‍ ഛേത്രി വിരമിച്ചതിന് ശേഷമുള്ള ടീമിന്റെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. കരുത്തരായ ഖത്തറാണ് എതിരാളികള്‍. ഖത്തറിനെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല ഇന്ത്യയ്ക്കുള്ളത്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ വിടവ് കൂടി നികത്തി വേണം ഇന്ത്യയ്ക്ക് ടീമിനെ ഇറക്കാന്‍.

ഛേത്രിയുടെ അഭാവത്തില്‍ മുന്നേറ്റ താരം വിക്രം പ്രതാപ് സിങ്ങിലാണ് എല്ലാ കണ്ണുകളും. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇഗോര്‍ സ്റ്റിമാക്കിന് മറ്റ് ടാക്റ്റിക്‌സുകള്‍ ഇല്ലെങ്കില്‍ മികച്ച വേഗതയും കൃത്യമായ പൊസിഷനിങ്ങും പുലര്‍ത്തുന്ന വിക്രം പ്രതാപ് സിങ്ങ് തന്നെയാകും ഛേത്രിക്ക് പകരക്കാരനാകുക. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനും മധ്യനിരയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. 

ഇന്ത്യയും ഖത്തറും തമ്മിലുള്ള കണക്കുകള്‍ നോക്കിയാല്‍ ഖത്തറിനാണ് മുന്‍തൂക്കം. രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും മൂന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമടക്കം അഞ്ച് തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. രണ്ടെണ്ണത്തില്‍ ജയം ഖത്തറിനൊപ്പം നിന്നപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ജയിച്ചത്.

രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ആകെ രണ്ട് ഗോളുകള്‍ ഇന്ത്യ നേടിയപ്പോള്‍ അഞ്ച് ഗോളുകള്‍ ഖത്തര്‍ ഇന്ത്യന്‍ ഗോള്‍ പോസ്റ്റിലെത്തിച്ചു. യോഗ്യതാ രണ്ടാം റൗണ്ടില്‍ 13 പോയിന്റുമായി ഖത്തര്‍ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.

മൂന്നാം റൗണ്ടിലേക്ക് കടക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യം. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി 9.15നാണ് മത്സരം ആരംഭിക്കുക.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories