മുംബൈ: ഐപിഎൽ താരങ്ങളായ വൈഭവ് സൂര്യവംശിയെയും ആയുഷ് മാത്രെയെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ടീമിൽ ഉൾപ്പെടുത്തി. 17 വയസുള്ള മാത്രെ ആയിരിക്കും ടീമിന്‍റെ ക്യാപ്റ്റൻ. 14 വയസുകാരൻ സൂര്യവംശി ഓപ്പണിങ് പങ്കാളിയാകും. മുംബൈയിൽ നിന്നുള്ള വിക്കറ്റ് കീപ്പർ അഭിജ്ഞാൻ കുണ്ഡുവിനെ ടീമിന്‍റെ വൈസ് ക്യാപ്റ്റനായും നിയോഗിച്ചിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കു വേണ്ടി അരങ്ങേറിക്കഴിഞ്ഞ ആയുഷ് മാത്രെ ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണറായാണ് ഐപിഎല്ലിൽ സാന്നിധ്യമറിയിച്ചത്. ബിഹാറിൽനിന്നുള്ള സൂര്യവംശി രാജസ്ഥാൻ റോയൽസിനു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്ത് ഒരു സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും നേടിയിരുന്നു.കേരളത്തിൽനിന്നുള്ള ലെഗ് സ്പിന്നർ മുഹമ്മദ് ഇമാനും ടീമിൽ സ്ഥാനം നിലനിർത്തി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ രണ്ട് യൂത്ത് ടെസ്റ്റ് മത്സരങ്ങളിൽ 16 ഇരകളെ കണ്ടെത്തിയ ഇമാൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്നു. ഒമ്പത് വിക്കറ്റുമായി രണ്ടാമതെത്തിയ പഞ്ചാബ് ഓഫ് സ്പിന്നർ അൻമോൽജിത് സിങ്ങും ടീമിൽ തുടരുന്നു.