Share this Article
KERALAVISION TELEVISION AWARDS 2025
ആദ്യദിനം തന്നെ ന്യൂസീലാന്‍ഡ് 235ന് പുറത്ത്; ഇന്ത്യ പതറുന്നു; 4 വിക്കറ്റ് നഷ്ടം
വെബ് ടീം
posted on 01-11-2024
1 min read
sports news

മുംബൈ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാംദിനം ന്യൂസീലാന്‍ഡിന്‍റെ ഒന്നാമിന്നിങ്സ് 235 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയ്ക്ക് റൺസിലെത്തുന്നതിനു മുൻപ് തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. ആതിഥേയര്‍ ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ നാലുവിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബോള്‍ ചെയ്യേണ്ടിവന്ന ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെയും വാഷിങ്ടണ്‍ സുന്ദറിന്‍റെയും സ്പിന്‍ മികവാണ് തുണയായത്. ജഡേജ 65 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ വാഷിങ്ടണ്‍ 4 വിക്കറ്റ് വീഴ്ത്തി.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ കിവീസ് ടീമിലെ നാല് ബാറ്റര്‍മാര്‍ മാത്രമേ രണ്ടക്കം കടന്നുള്ളു. ഡാരില്‍ മിച്ചലും വില്‍ യങ്ങും ടോം ലാഥവും ഗ്ലെന്‍ ഫിലിപ്സും. 3 വിക്കറ്റിന് 72 റണ്‍സ് എന്ന നിലയിലായിരുന്ന സന്ദര്‍ശകരെ യങ്ങും മിച്ചലും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മിച്ചല്‍ 82 റണ്‍സും യങ് 71 റണ്‍സും നേടി. ക്യാപ്റ്റന്‍ ടോം ലാഥം 28 റണ്‍സെടുത്തു

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഏഴാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. 18 റണ്‍സെടുത്ത രോഹിത് മാറ്റ് ഹെന്‍‍റിയുടെ പന്തില്‍ ലാഥമിന് ക്യാച്ച് നല്‍കി മടങ്ങി. ബാറ്ററെന്ന നിലയില്‍ തീര്‍ത്തും നിറംമങ്ങിയ രോഹിത് പരമ്പരയില്‍ കളിച്ച 5 ഇന്നിങ്സുകളില്‍ നിന്ന് നേടിയത് 80 റണ്‍സ് മാത്രം (2 & 52 (ബെംഗളൂരു), 0 & 8 (പുനെ), 18 (മുംബൈ). പരുക്കേറ്റ മിച്ചല്‍ സാന്‍റ്നറിന് പകരമെത്തിയ സ്പിന്നര്‍ അജാസ് പട്ടേല്‍ യശസ്വിയെയും നൈറ്റ് വാച്ച്മാന്‍റെ റോളില്‍ ഇറങ്ങിയ മുഹമ്മദ് സിറാജിനെയും വീഴ്ത്തിയപ്പോള്‍ ഇന്ത്യ പതറി. സ്കോര്‍ 84ല്‍ നില്‍ക്കേ വിരാട് കോലി റണ്ണൗട്ടായി. ജയ്സ്വാള്‍ മുപ്പതും കോലി നാലും റണ്‍സെടുത്തു. 31 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ഒരു റണ്ണോടെ ഋഷഭ് പന്തുമാണ് ക്രീസില്‍.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. വൈറല്‍ പനി പൂര്‍ണമായി മാറാത്തതിനാലാണ് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയത്. പുനെയില്‍ സ്പിന്‍ നേരിടുന്നതില്‍ പരാജയപ്പെട്ട കെ.എല്‍.രാഹുലിനെ മൂന്നാംടെസ്റ്റിലും പരിഗണിച്ചില്ല. പരമ്പരയില്‍ വൈറ്റ് വാഷ് ഒഴിവാക്കാനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയന്‍റ് നിലയില്‍ പിന്നിലാകാതിരിക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇന്ത്യയ്ക്ക് വാങ്കഡെയില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories