ന്യൂഡൽഹി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വിയർക്കുന്നു. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ചിന് 518 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. വിന്‍ഡീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലിന് 140 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. ഷായ് ഹോപ്പ് (31), തെവിന്‍ ഇംലാച്ച് (14) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 378 റണ്‍സ് പിറകിലാണ് വിന്‍ഡീസ്. നേരത്തെ യശസ്വി ജയ്‌സ്വാള്‍ (175), ശുഭ്മാന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.എട്ടാം ഓവറില്‍ തന്നെ വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ജോണ്‍ ക്യാംപലിനെ (10) ജഡേജയുടെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ സായ് സുദര്‍ശന്‍ ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്ന് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (34) - അലിക് അതനാസെ (41) സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ജഡേജ വീണ്ടും ബ്രേക്ക് ത്രൂമായെത്തി. ടാഗ്‌നരെയ്ന്‍, സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ അതനാസെ കുല്‍ദീപിന്റെ പന്തില്‍ പുറത്തായി. ജഡേജയ്ക്ക് ക്യാച്ച്. ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് ആവട്ടെ, ജഡേജയ്ക്ക് റിട്ടേണ്‍ ക്യാച്ചും നല്‍കി മടങ്ങി.ആദ്യ ദിനം 318-2 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ഇന്ത്യ രണ്ടാം ദിനം ആദ്യ രണ്ട് സെഷനുകളില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.