Share this Article
News Malayalam 24x7
ജഡേജയ്ക്ക് 4 വിക്കറ്റ്, എറിഞ്ഞിട്ട് സ്പിന്നർമാർ, രണ്ടാം ഇന്നിങ്സിലും പതറി പ്രോട്ടീസ്
വെബ് ടീം
posted on 15-11-2025
1 min read
INDIA VS SA

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴിന് 93 റൺസെന്ന നിലയിലാണ് സന്ദർശകർ. മൂന്നു വിക്കറ്റു മാത്രം ബാക്കിയിരിക്കെ  ആകെ 63 റൺസിന്റെ ലീഡ് മാത്രമാണ് പ്രോട്ടീസിനുള്ളത്. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ 189 റണ്‍സിനും ഓള്‍ഔട്ടായി.

ക്യാപ്റ്റൻ തെംബ ബവുമ (78 പന്തിൽ 29*), കോർബിൻ ബോഷ് (4 പന്തിൽ 1*) എന്നിവരാണ് ക്രീസിൽ. പുറത്തായ മൂന്നു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. സ്പിന്നർമാരായ രവീന്ദ്ര ജഡേജ നാലും കുൽദീപ് യാദവ് രണ്ടും അക്ഷർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.30 റൺസ് കടവുമായിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര സ്പിന്നർമാർക്കു മുന്നിൽ പൊരുതിനിൽക്കാതെ മുട്ടുമടക്കുകയായിരുന്നു. റയാൻ റിക്കിൾട്ടൻ (23 പന്തിൽ 11), എയ്‌ഡൻ മാർക്രം (23 പന്തിൽ 4), വിയാൻ മുൾഡർ (30 പന്തിൽ 11), ടോണി ഡെ സോർസി (2 പന്തിൽ 2), ട്രിസ്റ്റൻ സ്റ്റബ്സ് (18 പന്തിൽ 5), കെയ്‌ൽ വെറൈൻ (16 പന്തിൽ 9), മാർക്കോ യാൻസൻ (16 പന്തിൽ 13) എന്നിവരാണ് പുറത്തായത്. മധ്യനിരയിലിറങ്ങിയ ബവുമ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. ഇന്ത്യയുടെ എട്ട് വിക്കറ്റുകളടക്കം 15 വിക്കറ്റാണ് രണ്ടാം ദിനം ഈഡൻ ഗാർഡനിൽ വീണത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article