ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ കിവി ബൗളർമാരെ നിലംപരിശാക്കി ഒരു 19കാരൻ അപൂർവ റെക്കോർഡ് സ്വന്തമാക്കി.ന്യൂസിലൻഡിനെ ഞെട്ടിച്ചുകൊണ്ട് കാനഡയുടെ പത്തൊൻപതുകാരൻ യുവരാജ് സമ്ര 110 റൺസാണ് (65 പന്ത്) അടിച്ചുകൂട്ടിയത്.
ഇതോടെ ടി20 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് യുവരാജ് സമ്ര സ്വന്തമാക്കി (19 വയസ്സും 141 ദിവസവും). 2014-ൽ 22-ാം വയസ്സിൽ സെഞ്ച്വറി നേടിയ പാകിസ്ഥാന്‍റെ അഹമ്മദ് ഷെഹ്‌സാദിന്‍റെ റെക്കോർഡാണ് യുവരാജ് മറികടന്നത്. സുരേഷ് റെയ്ന(23 വയസും 156 ദിവസവും), അലക്സ് ഹെയ്‌ൽസ്(25 വയസും 83 ദിവസവും), ഗ്ലെന്‍ ഫിലിപ്സ്(25 വയസും 327 ദിവസവും) എന്നിവരും യുവരാജിന്‍റെ റെക്കോര്‍ഡ് സെഞ്ചുറിക്ക് മുന്നില്‍ പിന്നിലായി.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സെഞ്ച്വറി നേടുന്ന അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ താരമെന്ന റെക്കോര്‍ഡും കനേഡിയൻ ഓപ്പണർ സ്വന്തമാക്കി. 2024ലെ ടി20 ലോകകപ്പില്‍ കാനഡക്കെതിരെ അമേരിക്കയുടെ ആരോണ്‍ ജോണ്‍സ് നേടിയ 94 റണ്‍സിന്‍റെ റെക്കോര്‍ഡാണ് യുവരാജ് മറികടന്നത്.
ടി20 ലോകകപ്പിൽ കാനഡയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ ഇടം കൈയന്‍ ബാറ്റര്‍ സ്വന്തമാക്കി.യുവരാജിന്‍റെ വെടിക്കെട്ട് സെഞ്ചുറി മികവിൽ കാനഡ 173 റൺസ് നേടിയെങ്കിലും ന്യൂസിലൻഡ് മത്സരം ജയിച്ചു.