വിശാഖപട്ടണം: ന്യൂസിലാന്‍ഡിനെതിരായ നാലാം ട്വന്റി 20 മത്സരത്തിലും ഇന്ത്യക്ക് ടോസ്. കിവീസിനെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍.ബൗളിംഗ് നിരയിൽ അര്‍ഷ്ദീപ് സംഗ് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ നിന്ന് ഇഷാന്‍ കിഷൻ പുറത്തായത് അപ്രതീക്ഷിതമായി. മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെയേറ്റ നേരിയ പരിക്ക് കാരണമാണ് ഇഷാനെ പുറത്തിരുത്തിയതെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പര ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. സഞ്ജു സാംസണ്‍ ഇന്നും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ആദ്യ മൂന്ന് കളികളില്‍ 10, 6, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. ഇൻസ്വിങ്ങറുകൾക്ക് മുന്നിൽ അടിപതറുന്ന സഞ്ജുവിന്, ലോകകപ്പിന് മുൻപ് സ്ഥാനം ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്.
ആദ്യ മൂന്ന് മത്സരങ്ങളിലും മോശം ഫോം തുടര്‍ന്ന സഞ്ജു സാംസണ് ലോകകപ്പിന് മുമ്പ് ഫോം വീണ്ടെടുക്കുകയെന്നത് നിര്‍ണായകമാണ്. പരമ്പരയിലെ അവസാന മത്സരം സ്വന്തം നാടായ തിരുവനന്തപുരത്താണ് കളിക്കുന്നത് എന്ന സമ്മര്‍ദ്ദവും താരത്തിനുണ്ടാകും.ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരാനാകും ഇന്ത്യ ലക്ഷ്യമിടുക. ലോകകപ്പിന് തൊട്ട് മുമ്പ് രണ്ട് മത്സരങ്ങളില്‍ വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും സന്ദര്‍ശകര്‍ ശ്രമിക്കുക.