Share this Article
News Malayalam 24x7
വിഎസിന് വിട നല്‍കാന്‍ ഒരുങ്ങി കേരളം LIVE
V.S. Achuthanandan

കേരള രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ ജനകീയ പോരാളി, മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദൻ (101) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഴിമതിക്കും അനീതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി അരനൂറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വി.എസ്സിന്റെ വിയോഗത്തോടെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീഴുന്നത്.

മൃതദേഹം രാവിലെ 9 മണി മുതൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു . ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ദേശീയപാതയിൽ വഴിനീളെ ജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 9 മണിക്ക് ആലപ്പുഴ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും തുടർന്ന് 10 മണി മുതൽ ആലപ്പുഴ പോലീസ് ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് 4 മണിക്ക് പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

വി.എസ്സിന്റെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മരണവാർത്തയറിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. ആശുപത്രി പരിസരത്തും പിന്നീട് പൊതുദർശനത്തിന് വെച്ച എകെജി പഠന ഗവേഷണ കേന്ദ്രത്തിലും വൻ ജനാവലി തടിച്ചുകൂടി. രാഷ്ട്രീയഭേദമന്യേ നേതാക്കളും പ്രവർത്തകരും പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. 'കണ്ണേ കരളേ വി.എസ്സേ' എന്ന മുദ്രാവാക്യം വിളികളോടെയാണ് അണികൾ അദ്ദേഹത്തെ യാത്രയാക്കിയത്. സാധാരണക്കാരന്റെ ശബ്ദമായിരുന്ന ആ പോരാളി വിടവാങ്ങുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് പകരം വെക്കാനില്ലാത്ത ഒരു ജനനായകനെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories