ബിജെപിക്കൊപ്പം ചേരാന്‍ എന്‍സിപി നേതാവ് അജിത് പവാര്‍ എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. 53 എംഎല്‍എമാരില്‍ 34 പേര്‍ അജിത് പവാറിനൊപ്പമെന്നാണ് സൂചന. അതേ സമയം അജിത് പവാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും വിമത നീക്കമില്ലെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചു
ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി അടുത്തുതന്നെ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍. വിമത ശിവസേന എംഎല്‍എമാരുടെ അയോഗ്യതയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നാല്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി എംഎല്‍എമാരില്‍ ഒരു വിഭാഗം ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത് പവാര്‍ നടത്തുന്ന പ്രസ്താവനകളും വിമത നീക്കത്തെ ശക്തിപ്പെടുത്തുന്നതാണ്. അദാനിക്കെതിരായ ജെപിസി അന്വേഷണം, മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്നീ വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമാണ് അജിത്തിന്റെ നിലപാട്.
സംസ്ഥാനത്ത് കൂടുതല്‍ അഴിമതിക്കേസുകള്‍ നേരിടുന്ന പാര്‍ട്ടിയായതിനാല്‍ ബിജെപിക്കൊപ്പം ചേര്‍ന്നു കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണെന്നും ആക്ഷേപമുണ്ട്. ശരദ് പവാറുമായി അടുത്ത ബന്ധമുള്ള എന്‍സിപിയുടെ പല മുതിര്‍ന്ന എംഎല്‍എമാരും അജിത് പവാറിന്റെ അട്ടിമറിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അജിത് പവാര്‍ ബിജെപിയിലെത്തിയാല്‍ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അജിത് പവാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും വിമത നീക്കമില്ലെന്നും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചു.
വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്ക് മഹാരാഷ്ട്ര വീണ്ടും വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍