Share this Article
News Malayalam 24x7
വിസയ്ക്ക് അപേക്ഷിച്ചു, ഇന്ത്യ-പാക് സംഘർഷത്തിനിടെ നിരസിച്ചു; ഇന്ത്യയിൽ ജീവിക്കാനായി അതിർത്തി കടന്ന പാക് ദമ്പതികൾ വെള്ളം കിട്ടാതെ മരുഭൂമിയിൽ വലഞ്ഞു; ദാരുണാന്ത്യം
വെബ് ടീം
posted on 30-06-2025
1 min read
PAKISTHANI COUPLE

ജയ്‌സൽമേർ/രാജസ്ഥാൻ: ഇന്ത്യയിൽ ജീവിയ്ക്കാനാഗ്രഹിച്ച് രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിലെ കനത്ത ചൂടിൽ വെള്ളം ലഭിക്കാതെ നിർജലീകരണം കാരണം മരിച്ചതായി പൊലീസ്. പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. വെള്ളം കിട്ടാതെ ഇരുവരും കഷ്ടപ്പെട്ടതായാണ് പൊലീസ് പറയുന്നത്.ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

4 മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്. ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ച അവർ വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടു.ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കുകയായിരുന്നു. കുടുംബത്തിന്റെ എതിർപ്പുവകവയ്ക്കാതെയായിരുന്നു യാത്ര. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങി. വെള്ളം കിട്ടാതെ നിർജലീകരണം കാരണം മരിച്ചു. പോസ്റ്റുമോർട്ടം നടപടികൾ ഞായറാഴ്ച പൂർത്തിയാക്കി. ഇന്ത്യൻ സർക്കാർ മൃതദേഹങ്ങൾ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories