തിരുവനന്തപുരം: കേരള സർവകലാശാലയിലെ പോരിനിടെ കടുത്ത നടപടിയുമായി വൈസ് ചാൻസലർ സിസ തോമസ്. പദവിയിൽ തുടരരുത് എന്നു കാണിച്ച് രജിസ്ട്രാർ കെ എസ് അനിൽകുമാറിന് കത്ത് നൽകി. സസ്പെൻഷനിൽ ആണെന്ന് ഓർമിപ്പിക്കുന്ന കത്തിൽ ഓഫീസ് ഉപയോഗിക്കുന്നതിൽ അടക്കം വിലക്കും ഉണ്ട്. രജിസ്ട്രാറെ ഗവർണർ മാറ്റും എന്നായിരുന്നു സൂചന എങ്കിലും ആദ്യ നടപടി എന്ന നിലക്കാണ് വി സിയുടെ നീക്കം.രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് ഇത് വരെ വി സി അംഗീകരിച്ചിട്ടില്ല. രജിസ്ട്രാറുടെ ചുമതല വിസി മിനി കാപ്പന് നൽകി എങ്കിലും കഴിഞ്ഞ രണ്ട് ദിവസവും അനിൽ കുമാർ ഓഫീസിൽ എത്തിയിരുന്നു. വി സിയുടെ നടപടി അനിൽ കുമാറും സിൻഡിക്കേറ്റും അംഗീകരിച്ചിട്ടുമില്ല. കേരള വി സിയുടെ അധിക ചുമതല ഒഴിയുന്നതിന്‍റെ അവസാന മണിക്കൂറുകളിലാണ് സിസ തോമസിന്റെ നടപടി എന്നതും ശ്രദ്ധേയമായി. ഇന്ന് മുതൽ വിസി മോഹൻ കുന്നുമ്മൽ തിരിച്ചെത്തും.
സമവായത്തിന്‍റെ ഒരു സൂചനയുമില്ലാതെ കൂടുതൽ കനക്കുകയാണ് കേരള സർവ്വകലാശാലയിലെ വി സി - സിൻഡിക്കേറ്റ് പോര്. സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതോടെ രജിസ്ട്രാർ പദവിയിൽ തിരിച്ചെത്തിയ കെ എസ് അനിൽകുമാർ ഓഫീസിലെത്തുന്നത് തടയാനാണ് സിസ തോമസിന്‍റെ അവസാന നീക്കം. അനിൽകുമാറിനെ അംഗീകരിക്കാതെ വി സി സിസ തോമസ് രജിസ്ട്രാറുടെ ചുമതല നൽകിയ പ്ലാനിഗം ഡയറക്ടർ മിനി കാപ്പനും ഓഫീസിൽ വന്നിരുന്നു. പ്രതിഷേധം കണിക്കിലെടുത്ത് മിനി ഇതുവരെയും രജിസ്ട്രാറുടെ ചുമതലയേറ്റിട്ടില്ല. ഉചിതമായ ഫോറം തീരുമാനിക്കട്ടയെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഇനി ചാൻസലറായ ഗവർണറുടെ ഊഴമാണ്. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ മാറ്റാനൊരുങ്ങുകയാണ് ഗവർണർ. സർവ്വകലാശാല നിയമം 7 പ്രകാരം സ്ഥാനത്ത് നിന്ന് നീക്കാനാണ് ആലോചന. സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന വി സിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. സിൻഡിക്കേറ്റ് തന്നെ പിരിച്ചുവിടാനും നീക്കമുണ്ടായെങ്കിലും തൽക്കാലം അത്ര കടുപ്പിക്കാനിടയില്ല. രജിസ്ട്രാറെ മാറ്റണമെങ്കിലും സിൻഡിക്കേറ്റിന്‍റെ ഭാഗം കേൾക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നു. ചാൻസലർ എന്ത് തീരുമാനിച്ചാലും സിൻഡിക്കേറ്റും അനിൽകുമാറും കോടതിയിലേക്ക് നീങ്ങും. ഇതിനിടയിലാണ് അനിൽകുമാറിന് ഫയലുകള്‍ അയക്കുന്നത് വി സി വിലക്കിയതും ഫയലുകള്‍ നേരിട്ട് അയക്കാൻ ജോയിന്‍റ് രജിസ്ട്രാര്‍മാരോട് നിര്‍ദ്ദേശിച്ചതും. ഒരു വിദ്യാര്‍ഥിയുടെ ഡിഗ്രി അംഗീകാര സര്‍ട്ടിഫിക്കറ്റിനായുള്ള ഫയൽ രജിസ്ട്രാര്‍ വഴി അയച്ചത് മടക്കി കൊണ്ടാണ് ഈ നിര്‍ദ്ദേശം നൽകിയത്. അനിൽകുമാര്‍ അയക്കുന്ന ഒരു ഫയലും അംഗീകരിക്കേണ്ടതില്ലെന്നാണ് വിസിയുടെ നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് പദവയിൽ തന്നെ വിലക്ക് കൽപ്പിച്ച് കത്ത് നൽകിയതും.