ആഗോള വ്യാപാര തീരുവയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 10 ശതമാനം തീരുവയാണ് ഇപ്പോൾ 15 ശതമാനമായി ഉയർത്തിയത്. തീരുവ റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം.
വ്യാപാര നിയമത്തിലെ സെക്ഷൻ 122 പ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 150 ദിവസത്തേക്കാണ് ഈ തീരുവ വർദ്ധനവ് പ്രാബല്യത്തിലുണ്ടാവുക. സുപ്രീം കോടതിയുടെ ഇടപെടലുകൾക്ക് പിന്നാലെ തീരുവ ഉയർത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോള വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളും സജീവമായി. ഇതുസംബന്ധിച്ച നിർണ്ണായക ചർച്ചകൾ നാളെ അമേരിക്കയിൽ ആരംഭിക്കും. ചർച്ചകളിൽ പങ്കെടുക്കുന്നതിനായി ഉന്നതതല ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം നാളെ വാഷിംഗ്ടണിലെത്തും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകളാണ് നിശ്ചയിച്ചിട്ടുള്ളത്. വ്യാപാര മേഖലയിലെ തടസ്സങ്ങൾ നീക്കി ഇരുരാജ്യങ്ങൾക്കും ഗുണകരമായ രീതിയിൽ കരാർ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഏപ്രിൽ മാസത്തോടെ വ്യാപാര കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള മുൻകൂട്ടിയുള്ള ധാരണകളുടെ തുടർച്ചയായാണ് ഈ നീക്കങ്ങളെ വിലയിരുത്തുന്നത്.