സംസ്ഥാനത്തെ സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ (വിസി) നിയമനങ്ങളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും നിയമമന്ത്രി പി. രാജീവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തും. സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് ഗവർണർ നടത്തിയ പുനർനിയമനങ്ങളാണ് പുതിയ ഏറ്റുമുട്ടലിന് വഴിവെച്ചിരിക്കുന്നത്.
ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സിസ തോമസിനെയും സാങ്കേതിക സർവകലാശാല (കെടിയു) വിസിയായി ഡോ. കെ. ശിവപ്രസാദിനെയും ഗവർണർ വീണ്ടും നിയമിച്ചിരുന്നു.ഈ നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചിരുന്നു.സർക്കാർ നൽകിയ പാനൽ തള്ളിക്കളഞ്ഞാണ് ഗവർണറുടെ ഈ നടപടി.
സർക്കാർ മുന്നോട്ടുവെച്ച പാനലിൽ ഉൾപ്പെടാത്തവരെ നിയമിച്ചത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് സർക്കാർ വാദം. സർവകലാശാല നിയമങ്ങൾ അനുസരിച്ച് വേണം നിയമനങ്ങൾ നടത്താനെന്നും, സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.എന്നാൽ, ഈ നിർദേശങ്ങൾ ഗവർണർ അവഗണിച്ചുവെന്ന് മന്ത്രിമാർ ആരോപിക്കുന്നു.
ഗവർണറുടെ നടപടി സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും, നിയമവാഴ്ചയെ അംഗീകരിക്കാത്ത നിലപാടാണിതെന്നും സർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും മന്ത്രി ആർ. ബിന്ദു ആരോപിച്ചു.
നേരത്തെ, മുഖ്യമന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും പ്രശ്നപരിഹാരത്തിനുള്ള ധാരണയായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് മന്ത്രിമാർ ഗവർണറെ കാണാനെത്തുന്നത്.സർവകലാശാലകളുടെ ഭരണത്തിൽ സർക്കാരിന് പങ്കില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഗവർണറുടേതെന്നും സർക്കാർ ആരോപിക്കുന്നു.
വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരും ഗവർണറും സഹകരിച്ച് സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.എന്നാൽ, തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാകും. അതേസമയം, താൽക്കാലിക വിസി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിന് ഗവർണർ ഇതുവരെ മറുപടി നൽകിയിട്ടില്ല.