Share this Article
News Malayalam 24x7
നിയമസഭയിലേക്ക് മത്സരിക്കാനുള്ള എംപിമാരുടെ നീക്കം; അനുമതി ആവശ്യക്കാർക്ക് മാത്രം
Kerala Congress MPs Eye Assembly Seats

കേരളത്തിലെ കോൺഗ്രസ് എംപിമാർ കൂട്ടത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. സിറ്റിംഗ് സീറ്റുകൾ തിരിച്ചുപിടിക്കാൻ അനിവാര്യരായ നേതാക്കൾക്ക് മാത്രം ഇളവ് നൽകാമെന്നും, അല്ലാത്തവർക്ക് അനുമതി നൽകേണ്ടതില്ലെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാനായി കൂട്ടത്തോടെ രംഗത്തിറങ്ങിയാൽ, അത് പാർലമെന്റിൽ ഉപതിരഞ്ഞെടുപ്പുകൾക്ക് വഴിവെക്കുകയും പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു. നിലവിലെ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പുകളെ നേരിടുന്നത് കനത്ത വെല്ലുവിളിയാകുമെന്നും നേതൃത്വം കരുതുന്നു.


ശശി തരൂർ, കെ. സുധാകരൻ, അടൂർ പ്രകാശ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി തുടങ്ങിയ പ്രമുഖ എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമാൻഡ് തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്.


ആന്റോ ആന്റണി എംപി താൻ ആറന്മുളയിൽ മത്സരിക്കാനില്ലെന്നും, തന്റെ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇത് ഹൈക്കമാൻഡ് നിലപാടിനെ തുടർന്നാണെന്നാണ് സൂചന. അതേസമയം, കോന്നിയിൽ മത്സരിക്കാൻ അടൂർ പ്രകാശിന് സാധ്യതയുണ്ടെന്നും, അത് പാർട്ടിയുടെ വിജയത്തിന് അനിവാര്യമാണെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.


കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞപ്പോൾ കെ. സുധാകരന് നൽകിയ വാഗ്ദാനങ്ങൾ പരിഗണിക്കപ്പെടുമെങ്കിലും, എല്ലാ എംപിമാർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ അനുമതി നൽകുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്ന ഉറച്ച നിലപാടിലാണ് ഹൈക്കമാൻഡ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories