ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ധാരണയായി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കുന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ മഹാസഖ്യത്തിനുള്ളിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കും വിരാമമാകും.
തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായതോടെയാണ് സഖ്യത്തിൽ സമവായമുണ്ടായത്. മഹാസഖ്യത്തിൽ തർക്കങ്ങളില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും നേതാക്കൾ അറിയിച്ചു. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി.
നേരത്തെ, തേജസ്വി യാദവ് സ്വയം ഒരു "മുഖ്യമന്ത്രി സ്ഥാനാർത്ഥി" എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഇത് മഹാസഖ്യത്തിലെ ചില നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നതകൾക്ക് വഴിയൊരുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലോട്ട് തേജസ്വി യാദവുമായി ചർച്ച നടത്തുകയും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയും ചെയ്തത്.
ഇന്നത്തെ വാർത്താസമ്മേളനത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇപ്പോൾ നേതാക്കൾ പറയുന്നത്.