Share this Article
News Malayalam 24x7
സദസ്സിൽ ആളില്ല; ജീവനക്കാരെ പോലും കൊണ്ടുവന്നില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി മന്ത്രി ഗണേഷ് കുമാര്‍
വെബ് ടീം
4 hours 43 Minutes Ago
1 min read
GANESH KUMAR

തിരുവനന്തപുരം: പരിപാടി റദ്ദാക്കി സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ നിന്ന് ഇറങ്ങി പോയി മന്ത്രി ഗണേഷ് കുമാര്‍. തിരുവനന്തപുരം കനകക്കുന്നില്‍ സംഘടിപ്പിച്ചമോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനങ്ങളുടെ ഫ്‍ളാഗ് ഓഫ് ചടങ്ങാണ് മന്ത്രി റദ്ദാക്കിയത്. ചടങ്ങിനെത്തിയത് തന്‍റെ പാര്‍ട്ടിക്കാരും പേഴ്സണല്‍ സ്റ്റാഫും കെഎസ്ആര്‍ടിസി ജീവനക്കാരും മാത്രമാണെന്നും ഒരാളെയും പുറത്തു എത്തിക്കാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല. ജീവനക്കാരെ കൊണ്ടുവന്നില്ല. പരിപാടിക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകും എന്നു പറഞ്ഞാണ് മന്ത്രി പരിപാടി റദ്ദാക്കിയത്. മോട്ടോർ വാഹന വകുപ്പിന്‍റെ 52 വാഹനങ്ങളുടെ ഫ്ളാഗ് ഓഫും എന്‍ഫോഴ്സ്മെന്‍റ് ആവശ്യങ്ങൾക്കായിട്ടുള്ള 914 ഇ പോസ്റ്റ് മെഷീനുകളുടെ വിതരണ ഉദ്ഘാടനമാണ് കനകക്കുന്നിൽ വെച്ച് നടത്താൻ തീരുമാനിച്ചത്. 52 വാഹനങ്ങള്‍ എത്തിക്കാനും പ്രദര്‍ശിപ്പിച്ച് ഫ്ലാഗ് ഓഫ് ചെയ്യാനായിരുന്നു പദ്ധതി.

മന്ത്രി നാലു മണിക്ക് എത്തി. പക്ഷെ മന്ത്രി പറഞ്ഞ സ്ഥലത്തല്ലായിരുന്നില്ല വാഹനങ്ങള്‍. ഇതോടെ മന്ത്രി അസ്വസ്ഥനാകുകയായിരുന്നു. സ്വാഗത പ്രസംഗം നടന്ന സമയത്ത് മന്ത്രി പലരെയും ഫോണ്‍ വിളിക്കുകയും വാഹനം മാറ്റിയിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയിച്ചത്. എത്തിയ എല്ലാവരോടും മന്ത്രി ക്ഷമ പറയുകയും ചെയ്തു. മന്ത്രിയുടെ പ്രസംഗത്തിൽ നിന്ന്:'ചടങ്ങിലേക്ക് വന്നിരിക്കുന്നത് എന്‍റെ പാർട്ടിക്കാരും എന്‍റെ പേഴ്സണൽ സ്റ്റാഫും കെഎസ്ആർടിസി ജീവനക്കാരും മാത്രമാണ്. ഒരാളെ പുറത്തുനിന്ന് വിളിച്ചില്ല. പരിപാടിക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാത്ത ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കും.

മുറ്റത്ത് വണ്ടി കേറ്റി ഇട്ടാൽ ടൈൽസ് പൊട്ടും എന്നൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദ്യോഗസ്ഥൻ ആരാണ്? കാരണം കാർ കേറ്റി ഇട്ടാൽ പൊട്ടുന്ന ടൈൽസാണ് ഇവിടെയെങ്കില്‍ ബന്ധപ്പെട്ട മന്ത്രിക്ക് ഞാൻ കത്ത് കൊടുക്കും. ദയവുചെയ്ത് ക്ഷമിക്കണം പരിപാടി ഇവിടെ റദ്ദാക്കുകയാണ്'' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ചടങ്ങില്‍ വട്ടിയൂര്‍കാവ് എം.എല്‍.എ വി. കെ പ്രശാന്തും എത്തിയിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories