സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ടാണ് തീരുമാനം നീണ്ടു പോകുന്നതെന്ന് കോടതി ചോദിച്ചു. എയിംസുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലത്ത് സാധ്യത പഠനം നടത്താന്‍ നേരത്തെ കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം നിലപാട് അറിയിച്ചിരുന്നില്ല. ഇതിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്ക് അകം നിലപാട് അറിയിക്കണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്ക് സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറിയോട് ഓണ്‍ലൈനായി ഹാജരാകാനും കോടതി നിര്‍ദേശിച്ചു.