 
                                 
                        എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഭാര്യയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി അന്വേഷണ സംഘം. സംഭവത്തില്‍ അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണറുടെ മൊഴിയും എടുക്കും. അതേസമയം കേസില്‍ പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശേരി കോടതി നാളെ വിധി പറയും.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ തുടരുകയാണ്. അന്വേഷണം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തന്‍ ഒരുങ്ങുന്നത്. മറ്റ് ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. ഇന്നോ നാളെയോ മൊഴി എടുക്കും.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷ്ണര്‍ എ.ഗീതയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ഉദ്ദേശിക്കുന്നുണ്ട്. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായി കളക്ടര്‍ നേരത്തെ പറഞ്ഞിരുന്നു. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യമുണ്ട്.
ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് നല്‍കിയ മൊഴിയിലും കളക്ടര്‍ തന്റെ വാദം ആവര്‍ത്തിക്കുന്നു. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടു പിന്നാലെ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യമില്ല. അതിനാല്‍ മൊഴികളില്‍ അന്വേഷണ സംഘം വ്യക്തത തേടും.
അതേസമയം ആത്മഹത്യ പ്രേരണകുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശേരി കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയില്‍ നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    