Share this Article
News Malayalam 24x7
ശബരിമല സ്വർണ്ണ കവർച്ചാ കേസ്: നടൻ ജയറാം ഇ.ഡിക്ക് മുന്നിൽ ഹാജരായി
 Actor Jayaram Appears Before ED in Kochi for Questioning

ശബരിമല സ്വർണ്ണ കവർച്ചാ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടൻ ജയറാമിനെ ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് താരം ഹാജരായത്. കേസിലെ സാമ്പത്തിക വശങ്ങളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസിലേക്ക്' കൊണ്ടുപോയ സമയത്ത് നടന്ന സംഭവങ്ങളാണ് അന്വേഷണത്തിന് ആധാരം. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഈ ശില്പങ്ങൾ ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിക്കുകയും അവിടെ പൂജകൾ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.


നേരത്തെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു ഭക്തൻ എന്ന നിലയിൽ മാത്രമാണ് തനിക്ക് പരിചയമെന്നും തന്റെ വ്യക്തിപരമായ അഭ്യർത്ഥന പ്രകാരമാണ് ശില്പങ്ങൾ വീട്ടിലെത്തിച്ചതെന്നും ജയറാം അന്ന് മൊഴി നൽകിയിരുന്നു. എന്നാൽ ഈ ഇടപാടുകളിൽ അസ്വാഭാവികമായ സാമ്പത്തിക വിനിമയങ്ങൾ നടന്നിട്ടുണ്ടോ എന്ന് ഇ.ഡി വിശദമായി അന്വേഷിച്ചു വരികയാണ്.


കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയറാമിനെ ഇന്ന് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കേസിലെ ജയറാമിന്റെ പങ്കിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories