തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
സംസ്ഥാന സർക്കാരും മുസ്ലീം ലീഗും സി.പി.ഐയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ എതിർപ്പ് കേരളം നേരത്തെ തന്നെ അറിയിച്ചിരുന്നു. സർവകക്ഷിയോഗം വിളിച്ച് വേണ്ട തുടർനടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) ആത്മഹത്യകളും ജോലിഭാരത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. കണ്ണൂരിലെ പയ്യന്നൂരിലെ ഒരു ബി.എൽ.ഒയുടെ ആത്മഹത്യയും ആലപ്പുഴ ജില്ലാ കളക്ടറുടെ ഭീഷണിയും എസ്.ഐ.ആർ. വേഗത്തിൽ പൂർത്തിയാക്കാനുള്ള സമ്മർദ്ദങ്ങളും നിലവിൽ വലിയ ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സുപ്രീം കോടതിയുടെ വിധി കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നിർണായകമാകും.