സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും നോമിനികളെ ഉൾപ്പെടുത്തിയാണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ (വി.സി) പട്ടിക തയ്യാറാക്കിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. എന്നാൽ, ഈ ലിസ്റ്റിൽ നിന്നും വ്യത്യസ്തമായ പേരുകളാണ് ഗവർണർ സുപ്രീം കോടതിയിൽ നൽകിയതെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിഷ്പക്ഷരും വിദഗ്ധരുമായ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റി പ്രവർത്തിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വി.സി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എടുക്കുന്ന ഏത് തീരുമാനവും സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.