ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ മരിക്കുകയും, മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരുമാണെന്നാണ് വിവരം. ജെയ്‌ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയായ പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് (PAFF) സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. ഫരീദാബാദിൽ നിന്ന് പിടികൂടിയ 350 കിലോയോളം വരുന്ന അമോണിയം നൈട്രേറ്റ് സീൽ ചെയ്യുന്നതിനിടെയാണ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ പോലീസ് സ്റ്റേഷൻ പൂർണ്ണമായും തകരുകയും വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്തു. PAFF ഉത്തരവാദിത്തം ഏറ്റെടുത്തതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.