സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മണിക്കും വൈകീട്ട് മൂന്ന് മണിക്കുമിടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. ഈ മാസം 21 വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന 22 ആം തീയതി നടക്കും.
24 വരെയാണ് നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം. പത്രിക സമർപ്പിക്കുമ്പോൾ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമേ പ്രവേശനാനുമതിയുളളൂ. സ്ഥാനാര്‍ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാര്‍ഗരേഖ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ രണ്ടു ഘട്ടങ്ങളിലായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണല്‍.