ന്യൂഡൽഹി: വധശിക്ഷ കേസുകളിൽ തൂക്കിലേറ്റൽ അല്ലാതെ മരണത്തിന് കാരണമാകുന്ന കുത്തിവെപ്പ്, ഷോക്കടിപ്പിക്കൽ തുടങ്ങിയ ബദൽ മാർഗങ്ങൾ പരിഗണിക്കാൻ കേന്ദ്രം തയാറല്ലെന്ന വിമർശനവുമായി സുപ്രീംകോടതി.തൂക്കിലേറ്റൽ നടപ്പാക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ, ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കാലത്തിന് അനുസരിച്ച് മാറാൻ കേന്ദ്രം സന്നദ്ധമല്ലെന്ന വിമർശനം ഉന്നയിച്ചത്.തൂക്കിലേറ്റൽ പഴയ നടപടിക്രമമാണെന്നും എന്നാൽ, സർക്കാർ മാറ്റത്തിന് തയാറല്ല എന്നതാണ് പ്രശ്നമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.തൂക്കിലേറ്റുന്ന പരമ്പരാഗത രീതിക്ക് പകരം മാരകമായ കുത്തിവെപ്പ് നൽകുകയോ, വധശിക്ഷ വിധിക്കപ്പെട്ടയാൾക്ക് തൂക്കിലേറുന്നതോ, മാരകമായ കുത്തിവെപ്പോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന നിർദേശം നേരത്തേ നടന്ന വാദത്തിനിടെ ഉയർന്നുവന്നിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് മാറ്റത്തിന് തയാറല്ലെന്ന നിലപാട് കേന്ദ്രം അറിയിച്ചത്.