സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കിഫ്‌ബി മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നോട്ടിസ് അയച്ചു. മുഖ്യമന്ത്രിക്കൊപ്പം മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും നോട്ടിസ് നൽകിയിട്ടുണ്ട്.
വിദേശ നാണയ വിനിമയ ചട്ടം (FEMA - Foreign Exchange Management Act) ലംഘിച്ചു എന്നാരോപിച്ചാണ് ഇ.ഡി നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവർക്കും നോട്ടിസ് നൽകിയത്. നോട്ടിസിന് മുഖ്യമന്ത്രി നേരിട്ടോ അല്ലെങ്കിൽ പ്രതിനിധി മുഖേനയോ വിശദമായ മറുപടി നൽകേണ്ടതുണ്ട്.
2019-ൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി കിഫ്‌ബി 2,150 കോടി രൂപ സമാഹരിച്ചിരുന്നു. 9.72 ശതമാനം പലിശ നിരക്കിലായിരുന്നു ഈ ഇടപാട്. വിദേശ വാണിജ്യ വായ്പ (External Commercial Borrowing) ഇത്തരത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി വകമാറ്റി ചെലവഴിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്‌ബി ഭരണസമിതി യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് നോട്ടിസ് അയച്ചിരിക്കുന്നത്.
മൂന്ന് വർഷത്തിലേറെയായി ഇ.ഡി ഈ കേസിൽ അന്വേഷണം നടത്തിവരികയാണ്. നേരത്തെ, കേസിൽ ചോദ്യം ചെയ്യലിനായി തോമസ് ഐസക്കിന് ഇ.ഡി പലതവണ സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി വഴി ഔദ്യോഗികമായി നോട്ടിസ് നൽകിയിരിക്കുന്നത്. കൊച്ചിയിലെ ഇ.ഡി യൂണിറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി.