Share this Article
News Malayalam 24x7
ഇറാനിൽ വീണ്ടും ആക്രമണവുമായി അമേരിക്ക
Middle East Security Update

ഇറാനെതിരെ തുടർച്ചയായ അഞ്ചാം ദിവസവും ആക്രമണം ശക്തമാക്കി അമേരിക്ക. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളായ ഖേഷ്മ് ദ്വീപ് (Qeshm Island), ബന്ദർ അബ്ബാസ്, ചബഹാർ എന്നിവിടങ്ങളിലാണ് യു.എസ്. വ്യോമാക്രമണം നടത്തിയത്. അഞ്ച് ദിവസം പിന്നിട്ട ആക്രമണങ്ങളിൽ ഇതുവരെ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം മാത്രം നൂറിലധികം വ്യോമാക്രമണങ്ങളാണ് അമേരിക്ക ഇറാനിൽ നടത്തിയത്. സാധാരണയായി രാത്രികാലങ്ങളിലാണ് യു.എസ്. ആക്രമണം നടത്താറുള്ളതെങ്കിലും ഇന്നലെ പകലും വ്യോമാക്രമണം തുടർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ മിസൈൽ ലോഞ്ചറുകളും ഡ്രോൺ താവളങ്ങളും സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു യു.എസ്. ആക്രമണം. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന കുവൈറ്റ്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ തിരിച്ചും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്.


അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് ഇറാൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച എണ്ണക്കപ്പലിന് നേരെ യു.എസ്. സൈന്യം മിസൈൽ ആക്രമണം നടത്തി. കുറക്കാവോ (Curacao) പതാകയേന്തിയ 'എം.ടി. ബെൽമ' (MT Belma) എന്ന കപ്പലിന് നേരെയാണ് യു.എസ്. സെൻട്രൽ കമാൻഡ് ആക്രമണം നടത്തിയത്.

ഖേഷ്മ് ദ്വീപിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കപ്പലിന് അമേരിക്കൻ നാവികസേന പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും അത് അവഗണിച്ച് മുന്നോട്ട് പോയതിനെ തുടർന്നാണ് മിസൈൽ പ്രയോഗിച്ചതെന്ന് യു.എസ്. അറിയിച്ചു. ആക്രമണത്തെ തുടർന്ന് ഈ കപ്പലിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.


മേഖലയിൽ യുദ്ധസമാനമായ സംഘർഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു. ഹോർമുസ് കടലിടുക്കിൽ ഇരുവിഭാഗവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ചരക്കുകപ്പലുകളുടെ ഗതാഗതം പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. വരും ദിവസങ്ങളിലും ക്രൂഡ് ഓയിൽ വിലയിൽ വൻ വർധനയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories