'കാഫിർ സ്ക്രീൻഷോട്ട്' കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കും ഇന്ന് നിർണായക ദിനം. കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. കേസിലെ മറ്റൊരു പ്രതിയും ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹർജിയിൽ വടകര മജിസ്ട്രേറ്റ് കോടതിയും ഇന്ന് വിധി പ്രഖ്യാപിച്ചേക്കും.
പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി റിബേഷ് രാമകൃഷ്ണൻ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി മുൻപ് പലതവണ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കേസിൽ കോടതി ഇന്ന് വിധി പറയുന്നത്.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് കേസുമായി ബന്ധമില്ലെന്ന് കാണിച്ച് ജിതിൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി വടകര കോടതിയെ സമീപിച്ചത്.
യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തിയത്. വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ട് നവമാധ്യമങ്ങളിലൂടെ ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ. നേതാവായ ജിതിൻ ഭാസ്കറാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടക്കത്തിൽ യു.ഡി.എഫ്. കേന്ദ്രങ്ങളിൽ നിന്നാണ് ഈ വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചതെന്ന് ആരോപിച്ച് എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായ സി. ഭാസ്കരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യൂത്ത് ലീഗ് പ്രവർത്തകൻ പി.കെ. മുഹമ്മദ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ കാസിമിന്റെ മൂന്ന് ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് കാസിമിനെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടർന്നാണ് കേസിൽ ഡി.വൈ.എഫ്.ഐ. നേതാക്കളുടെ പങ്ക് വ്യക്തമായത്.