Share this Article
News Malayalam 24x7
‘എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം; ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങൾ; വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം:ഹൈക്കോടതി
വെബ് ടീം
4 hours 32 Minutes Ago
1 min read
vaishna

കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു മത്സരിക്കാനുള്ള അവകാശം ഇല്ലാതാക്കരുതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഒരു പെണ്‍കുട്ടി മല്‍സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങളെന്നും കോടതി ചോദിച്ചു.കേസില്‍ നാളെ വീണ്ടും ഹിയറിങ്ങ് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപേക്ഷ പരിഗണിക്കണമെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഹിയറിങ്ങില്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

അതേസമയം കോടതി പരാമര്‍ശത്തിന് പിന്നാലെ വൈഷ്ണയ്ക്ക് പിന്തുണയുമായി യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി. സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories