തിരുവനന്തപുരം:ഈ അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വേനലവധി ഏപ്രില്‍ ആറുമുതല്‍ എന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.സ്‌കൂളുകളില്‍ 210 പ്രവൃത്തിദിവസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ ചട്ടങ്ങളും കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളും അനുസരിച്ച് പ്രവൃത്തി ദിവസങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് പൂര്‍ണമായി പാലിക്കാന്‍ സാധിച്ചില്ല. ഈ അധ്യയനവര്‍ഷം കുട്ടികള്‍ക്ക് 210 പ്രവൃത്തിദിവസങ്ങള്‍ ഉറപ്പാക്കുംവിധമുള്ള അക്കാദമിക കലണ്ടറാണ് തയ്യാറാക്കുന്നത്. നിലവില്‍ ഏപ്രില്‍ ഒന്നിന് ആണ് മധ്യവേനലവധി തുടങ്ങുന്നത്. ഇത് ഏപ്രില്‍ ആറുമുതലാക്കാനും ജൂണ്‍ ഒന്നിന് തന്നെ ക്ലാസുകള്‍ തുടങ്ങാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.