6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാനൊരുങ്ങി സർക്കാർ. 15 ഇനങ്ങളാണ് കിറ്റിൽ ഉൾക്കൊള്ളിക്കുക. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.
അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്പാർപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി തുടങ്ങി 15 ഇനങ്ങൾ കിറ്റിൽ ഉണ്ടാകും. നീല കാർഡുകാർക്ക് 10 കിലോ അരിയും വെള്ളക്കാർഡുകാർക്ക് 15 കിലോ അരിയും 10.90 രൂപ നിരക്കിലാണ് ലഭിക്കുക. 53 ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് ഭക്ഷ്യ വകുപ്പിന്റെ അറിയിപ്പ്. 94 ലക്ഷം കാർഡുകാർക്ക് നിലവിൽ 29 രൂപയ്‌ക്ക് നൽകുന്ന കെ റൈസ്, 10 കിലോക്ക് 25 രൂപ നിരക്കിലാണ് നൽകുക. മഞ്ഞ കാർഡിൽ ഉൾപ്പെടുന്ന ആറുലക്ഷം കുടുംബങ്ങൾക്കാണ് ഈ സൗജന്യ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒരുകിറ്റ് ആകും സൗജന്യമായി ലഭിക്കുക.
സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തുമെന്നും ഇത്തവണ തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ചതിനാലാണ് സ്വന്തംനിലക്ക് സംസ്ഥാനത്തിന് അരി വിലകുറച്ച് നൽകേണ്ടിവന്നതെന്ന വിമർശനവും ഭക്ഷ്യവകുപ്പ് ഉയർത്തുണ്ട്.